മുളങ്കുന്നത്തുകാവ്(തൃശൂർ): കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണതിന്റെ പേരിൽ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ഒന്നടങ്കം മോശമാക്കരുതെന്നു മുൻമന്ത്രി തോമസ് ഐസക്കും മന്ത്രി എം.ബി. രാജേഷും പറഞ്ഞു. കിലയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ഇരുവരും.
അപകടത്തിൽ വീഴ്ചയുണ്ടായെങ്കിൽ പരിശോധിക്കും. ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കേണ്ടതായിരുന്നു. അവിടേക്ക് ആരും പ്രവേശിക്കുന്നില്ലെന്നു കർശനമായി ഉറപ്പുവരുത്തേണ്ടതുമായിരുന്നു. എന്നാൽ അതിന്റെ പേരിൽ ആരോഗ്യവകുപ്പിനെ തകർക്കരുത്.
ആരോഗ്യരംഗത്തെ ഏത് ഇൻഡക്സ് എടുത്താലും കേരളം ഒരുപാട് മുന്നിലാണ്. ഒരുകാലത്തുമില്ലാത്ത നിക്ഷേപം ആരോഗ്യമേഖലയിൽ നടത്തിയിട്ടുള്ളത് അതിന്റെ തെളിവാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
രാജ്യത്തുതന്നെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിന്റേതെന്നു മന്ത്രി എം.ബി. രാജേഷും അഭിപ്രായപ്പെട്ടു.